സപ്തതി
"കുഞ്ഞാത്തോലെ,"
അച്ഛൻ അടുക്കളയിൽ വന്ന് അമ്മയോടു പറഞ്ഞു. " നാരായണി വന്നിട്ടുണ്ട് " . അടുക്കളയിൽ ഒരു സ്റ്റൂളിരുന്ന് അമ്മ ദോശ ഉണ്ടാക്കുകയായിരുന്നു. തീയിൻ്റെ ചൂടിൽ ദേഹം നന്നേ വിയർത്തിരുന്നു. വിറക് കത്തി പിടക്കാൻ ഒരു കുഴലിലൂടെ ഊതുന്നുമുണ്ട്. മുഖമാകെ കരിപിടിച്ചിരുന്നു. കുട്ടികൾ നിലത്ത് ആവണിപലകയിലിരുന്ന് ദോശ ഉണ്ടാക്കുന്നതിനനുസരിച്ച് ഉള്ളിച്ചമ്മന്തി കുട്ടി കഴിക്കുകയായിരുന്നു.
"ഈ ദോശയൊന്നു ശ്രദ്ധിക്കണേ" എന്നു പറഞ്ഞ് അച്ഛൻ്റെ കൈ പിടിച്ച് പതുക്കെ എഴുന്നേറ്റ് രണ്ടു പടി ചവിട്ടി കയറി തളത്തിൽ എത്തി. നാരായണി അവിടെ കാത്തിരിപ്പുണ്ടായിരുന്നു. അമ്മയേയും കൂട്ടി അവർ വീട്ടിലെ ഏക അടച്ചുറപ്പുള്ള മുറിയിലേക്ക് പോയി.
അടുക്കളയിൽ അച്ഛൻ പണി തുടർന്നുകൊണ്ടിരുന്നു. ഇടക്ക് കുട്ടികളുടെ തമ്മിൽ തല്ല് തീർക്കാൻ ഇടപെടുകയും ചെയ്തിരുന്നു. ദേഷ്യം ഏറുമ്പോൾ "ചുട്ട ചട്ടുകം കൊണ്ടൊന്നു തന്നാലുണ്ടല്ലൊ". എല്ലാവരും തൽക്കാലം നിശ്ശബ്ദരാകും. അതിലൊരു 'വിദ്വാൻ' ചമ്മന്തി പോരെന്നു പറഞ്ഞു. ദാ വരുന്നു അച്ഛൻ ചമ്മന്തി പാത്രമേന്തി. "ന്നാ പിടിച്ചോ" എന്നു പറഞ്ഞ് ചമ്മന്തി പാത്രം ഇലയിലേക്ക് കൊട്ടി. അച്ഛൻ്റെ ദേഷ്യം പ്രസിദ്ധമാണ്. അതുപോലെ അമ്മയോടും കുട്ടികളോടുമുള്ള സ്നേഹവും.
ദേഷ്യത്തിൻ്റെ വേറൊരുദാഹരണം. കർക്കിടക മാസമായിരുന്നു. ഒരു വൈകുന്നേരം പണി കഴിഞ്ഞ് പണിക്കാരൻ കൂലി വാങ്ങാൻ വന്നു. കയ്യിൽ കാശില്ലെന്നു പലവട്ടം പറഞ്ഞു. അയാൾ തന്നേ പോകു എന്നായി. ദേഷ്യം മൂത്ത് സ്വന്തം മക്കളിലൊരാളെ "ദാ എടുത്തോ" എന്ന് പറഞ്ഞ് അയാൾക്കെറിഞ്ഞു കൊടുത്തു. ഭാഗ്യം! അയാൾ ആ കുഞ്ഞിനെ രണ്ടു കൈകളും നീട്ടി നിലത്തു വിഴാതെ രക്ഷിച്ചു. അച്ഛൻ്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ഉടൻ സ്ഥലം വിട്ടു. അമ്മയുടെ കരച്ചിലും പിഴിച്ചിലും ഒപ്പം ദേഷ്യപ്പെടലും ഓർമ്മ മങ്ങാതെ നിൽപ്പുണ്ട്.
കർർ..... വാതിൽ തുറക്കുന്ന ശബ്ദം. ഒപ്പം ഒരു കുഞ്ഞിൻ്റെ കരച്ചിലും. നാണിയമ്മ മെല്ലെ പുറത്തുവന്നു. അച്ഛനോട് " ആൺ കുഞ്ഞാണ്. രണ്ടു പേരും സുഖായിരിക്കുണു.‘" അച്ഛൻ്റെ മുഖത്ത് വല്ലാത്തൊരു പുഞ്ചിരി.
കേട്ടപാതി കേൾക്കാത്ത പാതി. പുസ്തക സഞ്ചിയെല്ലാം മേൽപ്പോട്ടെറിഞ്ഞ് കുട്ടികൾ തുള്ളിച്ചാടി. ഞങ്ങൾക്ക് കുഞ്ഞനുജനെ കാണണം. ഇന്ന് സ്കൂൾ പോണ്ട. അച്ഛൻ അർദ്ധ സമ്മതം മൂളി.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഞങ്ങളുടെ സഹോദരി പഠിപ്പിക്കുന്ന സ്കൂളിൽ ചേർത്തു. പത്തു വരെ അവിടെ പഠിച്ചു. ടെക്കനിക്കൽ പഠനത്തിനു ശേഷം ബറോഡയിലെ ഒരു വലിയ ഫാക്ടറിയിൽ ചേർന്ന് ജോലി തുടങ്ങി. കുറച്ച് വർഷം ജോലി ചെയ്തു. പിന്നീട് അച്ഛനെ കൃഷിയിൽ സഹായിക്കാൻ തിരിച്ചുവന്നു.
ഒരു ദിവസം ഞാൻ ലിവിൽ വരുന്ന സമയം അവനൊരു ഋഷഭ പുറത്തിരുന്ന് " ആന" കളിക്കുകയായിരുന്നു. ഉടനെ എൻ്റെ Rollieയിൽ ഈ അപൂർവ്വ കാഴ്ച്ച പകർത്തിയെടുത്തു (ഇന്നത്തെ തലമുറക്ക് ഇതെല്ലാം അപ്രാപ്യമല്ലെ ! ).
ഏട്ടന്മാരെല്ലാം കാൽസറായും കോട്ടുമെല്ലാം ധരിച്ച് അന്യ നാട്ടിൽ പണിയെടുക്കുന്നതുകൊണ്ടോ എന്തോ അവൻ്റെ ഉള്ളിലും വെള്ള കോളർ ജോലി ചെയ്യാനുള്ള മോഹം ഉടലെടുത്തു. അങ്ങനെ അവൻ ക്ലാർക്കായി ഒരു കോളേജിൽ ചേർന്നു. ഒപ്പം തന്നെ ഒരു LIC Agent ആയി വിജയിക്കാൻ കഴിഞ്ഞു. ഇവിടെയൊന്നും ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല. അവൻ്റെ അഭിവാഞ്ഛ.
അവൻ നല്ലൊരു സംഘാടകനാണ്. ഒരുന്നതവിദ്യാഭ്യാസ സ്ഥാപനം കെട്ടിപടുക്കാനായിരുന്നു അവൻ്റെ അടുത്ത മോഹം. സമാന ചിന്താഗതിയിലുള്ള കുറച്ചു പേരുടെ സഹായത്തോടും പ്രോൽസാഹന ത്തോടും കൂടി ഒരു എൻജിനീയറിങ് കോളേജ് അവൻ്റെ മേൽനോട്ടത്തിൽ ഉടലെടുത്തു. ഒട്ടും വൈകാതെ ഒരു Medical College ഉം സ്ഥാപിതമായി.
നിർമാണ മേഘലയിലെ മേൽ പരിചയം വെച്ച് പല വീടുകളും ഒരു കല്യാണമണ്ഡപവും പുർത്തിയാക്കി.
പല പല സാമൂഹിക സാംസ്കാരിക മേഖലയിലും തൻ്റെ സാന്നിദ്ധം അറിയിച്ച് അല്പം തളർന്നപ്പോൾ ഓട്ടത്തിൻ്റെ വേഗത കുറച്ചു.
സപ്തതി ആഘോഷിക്കുന്ന വിജയന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. അല്ലൽ തെല്ലുമറിഞ്ഞിടാതെ ഇനിമേൽ ദാരദിയൊത്തും പുത്രപൗത്രാദികളൊത്തും സമാധാനവും സന്തോഷവും നിറഞ്ഞ ശതാഭിഷേകം കൊണ്ടാടാൻ സാധിക്കുമാറാകട്ടെ.
No comments:
Post a Comment