Friday, January 30, 2026

        പൂജക്കെടുക്കുന്ന പൂക്കൾ



ഉണ്ണീ പറിക്കൊല്ല പിച്ചകപൂവുകൾ

ദേവിക്കു ചാർത്തുവാൻ മാലയുണ്ടാക്കണം.


താമരമൊട്ടു പിഴുതെടുക്കല്ലെ നീ

സംഗമേശനത്കാണിക്ക നൽകണം.

കാര്യസിദ്ധിക്കായി പ്രാർത്ഥിച്ചതാണു ഞാൻ

സത്വരം മാല സമർപ്പണം ചെയ്യണം.


തുളസീ ദലങ്ങളറുക്കല്ലെ പൊന്നേ

ലക്ഷാർച്ചനക്കായ്  വളർത്തീയതാണവ.


മുല്ലപ്പൂമൊട്ടുകൾ വാടാതെ നിൽക്കട്ടെ

ദേവിക്കു പൂച്ചൂടാൻ മാല കെട്ടിടണം.


ചെണ്ടുമല്ലിപ്പൂക്കൾ മാല കോർത്തീടുകിൽ

തോരണം തൂക്കിടാം  അമ്പലപന്തലിൽ.


കൂവളകൊമ്പുകൾ വെട്ടി നീക്കീടല്ലെ

ശ്രീ മഹാദേവന് ചാർത്തിടാനുത്തമം.


ചെമ്പരത്തിപൂ പറിച്ചിടാതോമനെ

കാളിക്കു പൂജക്കെടുക്കണം നിത്യവും.


ചെമ്പനീർ പൂമാല കല്യാണമാലയായ്

എന്നും വിശുദ്ധം പഴഞ്ചൊല്ലലല്ലിത്.


നിന്നങ്കണത്തിലെ കായ്കളും പൂക്കളും

പാരിസ്ഥിതിക്കനുയോജ്യമാണോർക്കണം.


ഉണ്ണിക്കു തോന്നി "യീപൂക്കളും കായ്കളം"

യാഗാലയത്തിൽ മൃഗക്കുട്ടർ പോലയോ?

Tuesday, January 13, 2026

ഗുരുവായൂരപ്പൻ

 കോമളാങ്കിയൊരു ദിനം

കൈകൾരണ്ടും കൂപ്പിക്കൊണ്ട്

കൃഷ്ണനുണ്ണി  തമ്പുരാൻ്റെ 

നടയിൽ നിൽക്കെ

 

വാർമുടിയിൽ പീലി ചൂടി

പീതചേലം തറ്റുടുത്ത്

കാർമുകിൽ വർണ്ണനന്നേരം

പുറത്തുവന്നു

ശ്രീലകത്തിൽ നിന്ന് 

ബാലൻ ബഹിർഗ്ഗമിച്ചു


അവളുടെ പൂഞ്ചേലയിൽ

വിരലിനാൽ തെറുത്തവൻ

കടക്കണ്ണങ്ങെറിഞ്ഞൊരു

 പുഞ്ചിരീതൂകി


രോമാഞ്ച കഞ്ചുകിയായി

മുന്നിലെ കൊച്ചോമനയെ

അവളറിയാതെതന്നേ

ആശ്ലേഷം ചെയ്തു.

ആശ്ലേഷം ചെയ്തു


മൂർദ്ധാവിൽ ചുമ്പിച്ചവനോ

കൈകൾ വീശി

 മുന്നോട്ടാഞ്ഞു

 ശ്രീലകം പൂകി

 പിന്നാലെ  നടയടഞ്ഞു.


"അമ്മെ പോകാം നമുക്കിനി" 

കേട്ട നേരം ലജ്ജയാലെ

 താമ്രമായി അവൾ മുഖം,

 രാധയെപ്പോലെ 


 കൃഷ്ണാ ഹരേ വായൂരപ്പ, 

ഗോവിന്ദ മുകുന്ദ ജയ

പാഹിമാം പരം പൊരുളെ

ഗോപീ വല്ലഭ


കൃഷ്ണാ ഹരേ വായൂരപ്പ, 

ഗോവിന്ദ മുകുന്ദ ജയ

പാഹിമാം പരം പൊരുളെ

ഗോപീ വല്ലഭ