Monday, June 8, 2026
വിഷുക്കണി
വിത്തും കൈക്കോട്ടും
കള്ളൻ ചക്കേട്ടു
കണ്ടാമിണ്ടണ്ട
എൻ്റെ വീട്ടിൽ പൂത്തുവല്ലോ കണിക്കൊന്ന
വിഷുപ്പക്ഷി വന്നുവല്ലോ വിരുന്നിനായി .
പൂജാമുറിയണിഞ്ഞൊരുക്കി
ഓട്ടൂരുളി തേച്ചുമിനുക്കി
വീട്ടമ്മയൊരുങ്ങിയല്ലോ
കണി വെച്ചീടാൻ.
രണ്ടുമുറി നാളികേരം
അവക്കുള്ളിൽ വെള്ളി തുട്ടും
അക്ഷതവും തെച്ചി പൂവും
നിറച്ചുവെച്ചു അമ്മ
നിറച്ചു വെച്ചു.
ഓട്ടുരുളി നടുവിൽ വെച്ച്
കണിക്കൊന്ന കതിരുകളാലെ
അലങ്കരിച്ചു അവർ അലങ്കരിച്ചു.
എൻ്റെ വീട്ടിൽ .....
ശ്രീ കൃഷ്ണന്നിരു വശമായി
അഞ്ചുതിരി വിളക്കു വെച്ചു
കനി വെള്ളരി താമരപനസം
വിവിധയിനം പഴ വർഗ്ഗങ്ങൾ
കൺകുളിരെ കാണ്മാനായി
നിരത്തി വെച്ചു
ചൂറ്റും നിരത്തി വെച്ചു.
എൻ്റെ വീട്ടിൽ ......
കൈകാലുകൾ ശുദ്ധി വരുത്തി
കണ്ണുകൾ മുറുകെ പൊത്തി
അച്ഛനേയും മക്കളേയും കണി കാണിച്ചു
അമ്മ കണി കാണിച്ചു.
അച്ഛൻ വക തൃകൈനീട്ടം
അമ്മക്കും മക്കൾക്കും
സന്തോഷം തിര തല്ലീടും ആനിമിഷങ്ങൾ
കമ്പിത്തിരി മത്താപ്പുവും
മാലപ്പടക്കങ്ങളും
കത്തിച്ചു വിഷു ആഘോഷം
കേമമാക്കി കെങ്കേമമാക്കി.
എൻ്റെ വീട്ടിൽ .......
Sunday, June 7, 2026
അയോദ്ധ്യാ തീർത്ഥയാത്ര - ഒരു യാത്രാവിവരണം
ഞങ്ങൾ 11ാം തിയ്യതി 7.30 ന് കൊച്ചി വിമാന താവളത്തിൽ നിന്ന് പുറപ്പെട്ട് ബംഗളൂരു വഴി ഏകദേശം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പ്രയാഗ് രാജിലെത്തി. (പഴയ പേര് അലഹബാദ്). ഭാഗ്യവശാൽ ഞങ്ങളുടെ ടൂർ ഓപ്പറേറ്റർമാർ പ്രഭാത ഭക്ഷണം കെട്ടി പൊതിഞ്ഞു തന്നിരുന്നു. അല്ലെങ്കിൽ എന്നേ പോലെ "പഞ്ചാരയടിയില്ലാത്തവർ" കഷ്ടപ്പെട്ടേനെ. വിമാനത്തിൽ കയറിയ ഉടനെ എല്ലാവരും പ്രഭാത ഭക്ഷണം ആർത്തിയോടെ എന്നാൽ സ്വാദോടെ കഴിച്ചു. പിന്നൊ ആഗാധമായ ഉറക്കം.
ബംഗളൂരുവിൽ ഇറങ്ങി അടുത്ത വിമാനം ഓടി പിടിക്കേണ്ടി വന്നു. എന്നെപ്പോലുള്ളവർ കൂട്ടത്തിലുണ്ടെങ്കിൽ ഉള്ള ഒരവസ്ഥ! പക്ഷേ അവരുടെ എന്നെ സഹായിക്കാനുള്ള വ്യഗ്രത അപാരം തന്നെ. വിമാനത്തിലിരുന്ന് ഞങ്ങൾ കരുതിയിരുന്ന ലഘുഭക്ഷണങ്ങൾ കഴിച്ചു.
ഉച്ചതിരിഞ്ഞ് ഞങ്ങൾ പ്രയാഗ് രാജിലെത്തി. വഴിക്ക് ഭക്ഷണം കഴിച്ച് നേരെ ഹോട്ടലിലേക്ക്. ITC Welcome ഗ്രൂപ്പ് ഹോട്ടൽ. ***** ആണ് ട്ടോ.
വിശ്രമശേഷം നേരെ ത്രിവേണി സംഗമത്തിലേക്ക് ' ഗംഗ, യമുന സരസ്വതി സംഗമം. ഗംഗയും യമുനയും ഒത്തുചേരുന്നത് നമുക്കു കാണാം. സരസ്വതി നദി അടിയിലൂടെ ഒഴുകുന്നു എന്ന് സങ്കല്പം. ഗണപതി തുടർച്ചെ രാമായണം എഴുതി കൊണ്ടിരിക്കുമ്പോൾ സരസ്വതിയുടെ ഉച്ചത്തിലുള്ള വീണ വാദനം അസഹനീയമാപ്പോൾ ഗണപതിഭഗവാൻ ശപിച്ചതുകൊണ്ടാണ് ഈ നദി കാണാതെ പോയത് എന്ന് ഐതിഹ്യം.
ഈ ത്രിവേണി സംഗമത്തിൽ കുളിച്ചാൽ പാപങ്ങളെല്ലാം ( ചെയ്തിട്ടുണ്ടെങ്കിൽ) കഴുകി ക്കളഞ്ഞ് ക്ഷമിക്കപ്പെടും എന്നാണ് വിശ്വാസം.
അന്നു അന്തിക്ക് തന്നെ ഞങ്ങൾ അത്യാകർഷകമായ ആരതി ഉഴിയുന്നതു കണ്ടു. വളരെ ഭക്തിസാന്ദ്രമായ ഈ പ്രാർത്ഥനാരീതി ദജനകളോടും വാദ്യങ്ങളോടും മുഖരിതമായ അന്തരീക്ഷത്തിൽ ദൈവീക സാന്നിദ്ധ്യം തന്നെ ഉണ്ടെന്നു തോന്നും വിധമായിരുന്നു.
അനന്തരം ഞങ്ങൾ, ശ്രീരാമലക്ഷ്മണന്മാടെ സാന്നിദ്ധ്യത്തിൽ മലർന്നു കിടക്കുന്ന ഹനുമാനെ ദർശിച്ചു.
തിരിച്ച് ഹോട്ടലിലേക്ക്. അതിഗംഭീരമായ അത്താഴം. ഇതോടെ ഒന്നാം ദിവസം സമാപ്തി.
പിറ്റേ ദിവസം മാർച്ച് 12 ന് സുഭിക്ഷമായ പ്രാതലിനു ശേഷം ഞങ്ങൾ അയോദ്ധ്യക്ക് പുറപ്പെട്ടു. നാലര മണിക്കൂർ ദീർഘമുള്ള യാത്രയായിരുന്നു ഉച്ചയൂണിന് ഞങ്ങൾ ഹോട്ടലിൽ എത്തി. അല്പം വിശ്രമിച്ച ശേഷം "കനക്ക് ഭവൻ" എന്ന അതിസുന്ദരമായ കൊട്ടാരത്തിലെത്തി. ജനകമഹാരാജാവ് മകൾക്ക് വിവാഹ സമ്മാനമായി കൊടുത്തതാണത്രെ ഈ കൊട്ടാരം. ഒരുപാടു മൂറികള്ളുള്ള ഈ കൊട്ടാരം അന്നത്തെ പ്രൗഢിയോടെ തന്നെ ഇന്നും നിലനിർത്തുന്നു.
ഈ കൊട്ടാരമുറ്റത്ത് സീതാദേവിയുടെ കാൽ പാദങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. തീർത്ഥാടകരെല്ലാം ഈ പാദങ്ങൾ വണങ്ങിയെ തിരികെ പോകാറുള്ളു.
അടുത്തതായി ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമ ക്ഷേത്ര ദർശനത്തിന് ഞങ്ങൾ പുറപ്പെട്ടു. പറയാതെ വയ്യ ഇതൊരു മഹാ സംഭവം തന്നെ. ഭഗവാൻ ശ്രീരാമ മുർത്തിയുടെ വിഗ്രഹം അഞ്ജനശിലയിൽ കൊത്തിയെടുത്തതാണെന്നറിയുന്നു. രത്നങ്ങളും പൂക്കളും കൊണ്ടലങ്കരിച്ച ഈ വിഗ്രഹം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തൊഴുതുനിൽക്കുമ്പോൾ ഭഗവാൻ നമ്മെ അനുഗ്രഹിക്കാൻ നേരിൽ വന്നിരിക്കുന്നു എന്നൊരു തോന്നൽ!
അല്പം ബുധിമുട്ടിയെങ്കിലും ഭഗവാൻ്റെ മുന്നിലെത്തി കൈ കൂപ്പി നിൽക്കുമ്പോൾ അവാച്ച്യമായ ഒരനുഭൂതി.
മൂന്നുനാലു മണിക്കൂർ സമയം അവിടെ ചിലവഴിച്ച് തിരിച്ചു പോരുമ്പോൾ എന്തോ ഒന്ന് മറന്നു വെച്ച പ്രതീതി!
മനമില്ലാ മനസ്സോടെ തിരിച്ച് ഞങ്ങൾ സരയൂനദീ തിരത്തെത്തി. ഇവിടെയാണത്രെ ശ്രീരാമൻ തൻ്റെ അവതാരോദ്ദേശങ്ങൾ സഫലമായി പൂർത്തീകരിച്ച് തിരികെ പോയത്.
വല്ലാത്ത സംതൃപ്തിയോടെ ഞങ്ങളെല്ലാo തിരിച്ച് ഹോട്ടലിലേക്ക് മടങ്ങി. ശേഷം അടിപൊളി അത്താഴം .
13ാം തിയതി കാലത്ത് പ്രാതലിനുശേഷം ഞങ്ങൾ വാരണാസിയിലേക്ക് അഞ്ചു മണിക്കൂർ യാത്ര. ഉച്ചക്ക് ഊണ് വഴിയിൽ നല്ലൊരു കല്യാണ മണ്ഡപത്തിലെ ഭക്ഷണശാലയിൽ. മദ്ധ്യാഹ്നമായപ്പോഴേക്കും ഞങ്ങൾ ഹോട്ടലിലെത്തി അല്പം വിശ്രമം. ശേഷം ഗംഗാ നദിയുടെ കരയിലെ പർവ്വത നിരകൾ ആസ്വദിച്ച് നാടൻ ബോട്ടുയാത്ര. അതിലൊന്നിൻ്റെ പേർ മണികർണിക എന്നാണ്. ഇഹ ലോക വാസം കഴിഞ്ഞവരുടെ ഭൗതിക ശരീരങ്ങൾ ഇവിടെ അഗ്നിക്ക് സമർപ്പിക്കുന്നു. മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.
മറ്റാരു പ്രധാന മലയിടുക്കാണ് ദശാശ്വമേധ് ഘട്ട്. ഇവിടെ ബ്രഹ്മാവ് പത്ത് ആശ്വമേധങ്ങൾ നടത്തിയെന്നാണ് ഐതിഹ്യം. ഇതിൻ്റെ അല്പം മാറിയായി ഞങ്ങളുടെ ബോട്ട് നങ്കൂരമിട്ട് ഈ കരയിൽ നടക്കുന്ന ആരതി ഭക്ത്യാദരം ദർശിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി
14ാം തിയതി അതികാലത്ത് അഞ്ചു മണിക്ക് തീർത്ഥയാത്ര തുടർന്നു. നേരെ "കാൽ ഭൈരവ്" അമ്പലത്തിലേക്ക്. ഇവിടെ ഭഗവാൻ ശിവൻ രുദ്ര ഭാവത്തിലാണ്. ഇവിടത്തെ ദർശനത്തിനു ശേഷം (അതിനു ശേഷം മാത്രമേ) പേരുകേട്ട കാശീ വിശ്വനാഥ ക്ഷേത്രത്തിലേക്ക്. ഇവിടെ ശിവലിംഗമാണ് പ്രതിഷ്ഠ. ഏകദേശം 3 മണിക്കുർ ക്യൂവിൽ നിന്ന് ഒരു നിമിഷത്തെ ഭഗവത് ദർശനം ലഭിച്ചു. ഭഗവാൻ ഒരു നിലവറയിൽ ഇരിക്കുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്. പ്രസാദമായി ഞങ്ങളെല്ലാവരേ യും പൂമാലയണിയിച്ചു.
അതേ അമ്പല സമുച്ചയത്തിൽ തന്നെ അന്നപൂർണ്ണ ദേവിയേയും ഭഗവാൻ ദത്താത്രേയനേയും തൊഴതു അതിനുശേഷം "സങ്കട് മോചന" എന്നു പേരുള്ള അമ്പലം സന്ദർശിച്ചു. ഇവിടെ ശ്രീ ഹനുമാൻ വിഗ്രഹ രൂപത്തിലാണ് പ്രതിഷ്ഠ. ഞങ്ങളുടെ അടുത്ത ലക്ഷ്യം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ കാശീ വിശ്വനാഥൻ്റെ പ്രതിഷ്ഠ കാണുകയായിരുന്നു. ഇവിടെ ശിവലിംഗം വലിയ രൂപത്തിൽ ആണ്.
ക്ഷീണിതരായ ഞങ്ങൾ നേരെ ഹോട്ടലിലേക്ക്. ഭക്ഷണ ശേഷം ഷോപ്പിങ്ങിനായി മാറ്റിവെച്ചു. പേരു കേട്ട ബനാറിസ് സിൽക്ക് സാരികൾ നിർലോഭം വാരിക്കുട്ടി.
15-03-26 ന് പ്രാതലിന് ശേഷം തിരിച്ച് ബാഗ്ലൂർ വഴി കൊച്ചിക്ക്. ഈ തീർത്ഥാടന യാത്ര ഞങ്ങളെല്ലാവരും ശരിക്കും ആസ്വദിച്ചു.
ഞങ്ങളുടെ വാഹനം പോകാത്തിടങ്ങളിൽ, അവിടത്തെ പ്രത്യേകതരം മോട്ടോർ സൈക്കിൾ ഘടിപ്പിച്ച ഓട്ടോ റിക്ഷകളും വൈദ്യുതി റിഷ്കളുമാണ് ഞങ്ങൾക്ക് സഹായമായത്. ഇവയും പോകാത്ത ഇടങ്ങളിൽ ശാരീരിക ക്ഷമത കുറഞ്ഞവർക്കായി വീൽ ചെയറുകളും ഏർപ്പെടുത്തിയിരുന്നു. ഒരു സ്ഥലത്ത് ഞങ്ങളെല്ലാവരും ഇവയുടെ സഹായംതേടിയത് വളരെ കൗതുകമായി.
യാത്രയിലൂടനീളം വത്സലക്കും പ്രത്യേകിച്ച് എനിക്കും നൽകിയ ശാരീരികവും മാനസികവുമായ സഹായ സഹകരണങ്ങൾക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
ടീമങ്കങ്ങൾ:
രവി വത്സല
രാജീവ് ശാന്തി
രാജു ശോഭ
സുരേഷ് ലേഖ