നങ്ങയ്യ അമ്മായിയും നമ്മേ വിട്ടു പിരിഞ്ഞു
അങ്ങിനെ ഒരു പഴുത്ത പ്ലാവില കൂടി കൊഴിഞ്ഞു വീണു. പടർന്നു പന്തലിച്ചു നിന്നിരുന്ന മുതുമുത്തച്ഛൻ പ്ലാവിൽ വിരലിലെണ്ണാവുന്ന പച്ചിലകൾ മാത്രം ബാക്കി. ഒരുകാലത്ത് മുത്തശ്ശനും മുത്തശ്ശിമാരും മക്കളും മരുമക്കളും കൊച്ചുമക്കളും ചേർന്ന വടവൃക്ഷം പോലെ തണലേകി നിന്ന ഒരു വലിയ കുടംബം.
ഒരുഗ്രാമത്തിൻ്റെ മുഴുവൻ പ്രൗഢിയും പ്രതാപവും വിളിച്ചോതും വിധം എട്ടുകെട്ടും പടിപ്പുരയും തലയുയർത്തി നിന്ന ഒരു പുരാതന കുടുംബം. യാഗം ചെയ്ത് 'ചൊമാതിരി' പട്ടം അലങ്കരിച്ച കുടുംബ നാഥൻ. ആങ്ഗലേയ ഭാഷയിൽ പ്രാവിണ്യം നേടിയ ചൊമാതിരി. വിദ്യാഭ്യാസത്തിൻ്റെ വിവിധ മേഘലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മക്കളും, മരുമക്കളും കൊച്ചുമക്കളും. ചൊമാതിരിയുടെ കീഴിൽ ഒത്തൊരുമയോടും അഭിപ്രായയൈക്യത്തോടും നിലകൊണ്ടിരുന്ന ഒരു കൂട്ടുകൂടുംബം. പ്രാതലിന് പൊടിയരി കഞ്ഞി വാഴപ്പിണ്ടിയുടെ പോള ചതുരാകൃതിയിൽ ഈർക്കിലി കുത്തി ഉണ്ടാക്കിയ കുമ്പിളിലൊഴിച്ച് പ്ലാവില തവി കൊണ്ട് കഴിച്ചിരുന്ന കാലം. കുട്ടത്തിൽ നാളികേരപുളും. പ്രഭാത ഭക്ഷണം സുഖം. അതിനു മുമ്പ് കുളി, തേവാരം, ഓത്തി നിരിക്കുന്നവർ ഓത്തു ചൊല്ലണം. ചിട്ടകളെല്ലാം കടുകട്ടി. ഉച്ചക്ക് നാലു നാരായം അരി വെച്ച് വിളമ്പിയിരുന്ന കാലം. മാമ്പഴ കൂട്ടാനും, ചക്ക ഉപ്പേരിയും, ഉപ്പിലിട്ട മാങ്ങയും കടുമാങ്ങയും കൂടിയ വിഭവങ്ങൾ.
പാനയും ഭഗവത് സേവയും ഇവിടെ സ്ഥിരമായ ആചാരങ്ങളായിരുന്നു. എത്രയെഴുതിയാലും തീരാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും
ഇന്നോ?
കാലത്തിനൊത്ത് കോലങ്ങളും മാറി. പടിപ്പുരയില്ല. തെക്കും പടിഞ്ഞാറും പത്തായപ്പുരകൾ അപ്രത്യക്ഷമായി.
പുരക്ക് പുതിയ മാറ്റങ്ങൾ വന്നു. മുൻ വശം പഴമ നിലനിർത്തിക്കൊണ്ട് ഉൾവശങ്ങൾ മൊത്തം പുതുക്കിപണിതു. എട്ടുകെട്ട് നാലു കെട്ടായി ചുരുങ്ങി. ചിരട്ട കൊണ്ട് മിനുക്കിയ പഴയ നിലത്തിനു പകരം വെട്രിഫൈഡ് ടൈൽസ് വിരിച്ചു. ശയനമുറികൾ ശീതീകരിക്കപ്പെട്ടു. വൈദ്വിതി ബിൽ കുറക്കാൻ പുരപ്പുറ സൗരോർജ പലകകൾ സ്ഥാപിച്ചു. കുളിമുറികൾ ആധുനികരീതിയിൽ രൂപും കൊണ്ടു. ഗോപർ ഗ്യാസിനും വിറകടുപ്പുകൾക്കും വിട നൽകി ഗ്യാസടുപ്പുകൾ സ്ഥലം പിടിച്ചു. വൈദ്വിതി മോട്ടോറുകൾ ഉപയോഗിച്ച് എല്ലായിടങ്ങളിലും വെള്ളമെത്തിച്ചു. എന്നാൽ ശുദ്ധി വേണ്ടിടത്ത് കപ്പികളുടെ സഹായത്താൽ അടുക്കള കിണറിൽ നിന്നു വെള്ളം കോരിയെടുക്കുന്നു.
നടുമുറ്റവും തെക്കിനിയും (പണ്ടു ഞങ്ങളുടെ നാടക ശാലയായിരുന്ന) പുതുക്കി പണി തു നിലനിർത്തി.
വേഷവിധാനത്തിൽ അടിമുടി മാറ്റങ്ങൾ വന്നു. മാറു മറിക്കാതേയും ഓലക്കുട ചൂടിയും അതിൻ്റെ കാൽ പുറത്തേക്കിട്ട് ബസ്സിലുംമറ്റും യാത്ര ചെയ്തിരുന്ന സ്ത്രികൾ (ഈയുള്ളവൻ അതിൽ ഒരു ഭാഗ ഭാക്കാണ്) ബ്ലൗസും മുണ്ടും വേഷ്ടിയും പതിവാക്കി. അതുപോര ചുഡിദാർ സെറ്റുകളം ദുപട്ടയും ഉപയോഗിച്ചു തുടങ്ങി. ചെവിത്തൊട്ടികളിൽ നിന്ന് തോട മാറ്റപ്പെട്ടു . ഓട്ടകൾ തുന്നിക്കുട്ടി ചെറുതാക്കി കമ്മലുകൾ, തൂക്കുകൾ ആധുനിക റിങ്ങുകൾ എന്നിവ ഉപയോഗിച്ചു തുടങ്ങി. ഈ കുറിപ്പ് എഴുതിയവൻ്റെ അമ്മയാണത്രെ ആദ്യമായി അല്പം പരിഷ്കാരിയായ അച്ഛൻ്റെ നിർബ്ബന്ധത്താൽ ചെവി ത്തൊട്ടിയുടെ രൂപം മാറ്റി കമ്മലും ബ്ലൗസും ധരിച്ചു സിനിമ കണ്ടത്! ആകെ മൊത്തം മാ റ്റങ്ങൾ!
കാലത്തിനനുസരിച്ച് കോലം മാറുന്നത് തെറ്റല്ല. ഉൾക്കൊള്ളാനും കഴിയും. എന്നാൽ ഇത്രയും വലിയ പുരയിടത്തിൽ താമസിക്കാൻ നാലഞ്ചു പേർ മാത്രം. ചുറ്റും അണുകുടുംബങ്ങൾ. തെററായ വിചാരങ്ങൾ ആണെന്നറിയായ്കയൂമില്ല. പക്ഷെ എന്തോ ഒരു നഷ്ടബോധം.
പഴയ കാലത്തേയും പുതിയതിനേയും ഇണക്കിച്ചേർത്ത കണ്ണികളിൽ ഒരാളായ നങ്ങയ്യ അമ്മായിയും നമ്മേ വിട്ടു പിരിഞ്ഞു. സർവ്വേശ്വരാ അവരുടെ ആത്മാവിന് നിത്യശാന്തി നൽകേണമേ.
ഇനി എത്ര പേരുണ്ട് പുതിയതലമുറയെ ഈ തറവാട്ടിനെ പരിചയപ്പെടുത്താൻ? എൻ്റെയീസംക്ഷിപ്ത കുറിപ്പ് അതിന് ഒരു സഹായമായാൽ ഞാൻ ധന്യനായി.
കുന്നം രവി
Monday, June 8, 2026
Subscribe to:
Post Comments (Atom)
No comments:
Post a Comment