ചെറുകഥ
അവൾ .....
കുന്നം രവി
കുക്കു ഘടികാരo ആറു വട്ടം ചിലച്ചു. എഴുന്നേൽക്കാറായി എന്നറിയിക്കും പോലെ. കൈകാലുകൾ നീട്ടി നിവർത്തി മെല്ലെ കിടക്കയിൽ നിന്നെഴുന്നേറ്റ് കുളിമുറിയിൽ പ്രവേശിച്ചു. ടാപ്പിൻ്റെ കീഴിൽ കൈകൾ കാട്ടിയപ്പോൾ വെള്ളത്തിന് നല്ല തണുപ്പ്. തലേ ദിവസത്തെ മൂടലും ഇടക്കുള്ള ചാറ്റൽ മഴയും സൗരോർജ്ജ ചുടുവെളള സംവിധാനത്തെ തകിടം മറിച്ചു. മുഖം കഴുകലും പല്ലതേപ്പും അധികംവിസ്തരിക്കാതെ അവസാനിപ്പിച്ച് അയയിൽ തൂക്കിയിരുന്ന ടവൽ കൊണ്ട് തുടച്ച് തിരിച്ച് കട്ടിലിൽ അർദ്ധ (മുട്ടുകൾ മുഴവൻ മടങ്ങില്ല) പദ്മാസനസ്ഥനായി.
ആകെ ഒരു മ്ലാനത. കണ്ണുകൾ നനഞ്ഞിരിക്കുന്നു. ഇന്നലെ രാത്രി ഉറക്കം ശരിയായില്ലെ! തല ചൊറിഞ്ഞു ഓർക്കാൻ ശ്രമിച്ചു. ഒരു സെല്ലുലോയിഡിലെന്നപോലെ ചിത്രങ്ങൾ മെല്ലെ തെളിഞ്ഞു തുടങ്ങി. വിവാഹം തൊട്ട് ഇന്നുവരെയുള്ള തിളക്കമാർന്ന ചിത്രങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്നു. Made for each other Couple. അസൂയാവഹമായ ജീവിതം.തൊട്ടതിനെല്ലാം ഒരാൾക്ക് മറ്റാൾ വേണം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന കാലം. സമയ ചക്രം അതിവേഗം കറങ്ങി കൊണ്ടിരുന്നു. മക്കൾ, വിദ്യാഭ്യാസം, വിവാഹം, കൊച്ചു മക്കളുടെ ജനനം...... അടുത്തിടെ ആക്സിഡെൻിൽപെട്ട് അയാൾ തികച്ചും വിവശനായി . അവരുടെ സഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത ഒരവസ്ഥ.
എടത്തോട്ടു തിരിഞ്ഞാണോ ഇന്നെഴുന്നേറ്റത്. ചുടു ചായ കുടിക്കാനുള്ള ആഗ്രഹം ശക്തിയായപ്പോൾ മെല്ലെ എഴുന്നേറ്റ് മേശയുടെ അരികിലേക്ക് നീങ്ങി. കെറ്റിലും ചായപ്പൊടി, പാൽ പൊടി, മുതൽ സാധനങ്ങൾ എല്ലാമുണ്ട്. ചായയുണ്ടാക്കാൻ ഒരു പരീക്ഷണം നടത്താനുള്ള അവസരം. കുട്ടിക്കാലത്ത് ശീലിച്ച ഗുണ പാഠങ്ങൾ സഹായകമായി
ചായക്കോപ്പയുമേന്തി കട്ടിലിലേക്ക്. ദൃഷ്ടി വീണ്ടും ഗെയിറ്റിലേക്ക് തന്നെ. പത്രം വായന പേരിനു മാത്രം. ഇന്നത്തെ പ്രാതലും ഉച്ചഭക്ഷണവും പ്രശ്നമായല്ലോ. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ മരുന്നുകൾ കഴിക്കണം. ചിലത് ഭക്ഷണത്തിനു മുമ്പ്. മററു ചിലത് ഭക്ഷണ ശേഷം. എല്ലാ ചിട്ടകളും അറിയുന്നയാൾ കാലൊടിഞ്ഞ് കിടപ്പിൽ! പിന്നെ ഒരു സമാധാനം. എത്രയോ കാതങ്ങളകലേയുളള മക്കൾ വീഡിയോ ചാറ്റിലൂടെ ദിവസവും സുഖദുഃഖങ്ങൾ അന്വേഷിക്കും. സ്വന്തം കുടുംബ പ്രാരാബ്ദങ്ങൾക്കിടയിലും ജോലി തിരക്കിന്നിടയിലും അവർ സമയം കണ്ടെത്തുന്നുണ്ടല്ലോ.
ദാ വരുന്നു മക്കളുടെ പാർസൽ ഓർഡറുകൾ. ഒരാൾ പ്രാതൽ, മറ്റൊരാൾ ഉച്ചഭക്ഷണം.
പ്രാതൽ ഭക്ഷണവുമായി ഒരാൾ ഗെയിറ്റു കടന്ന് വാതിലിൽ മുട്ടി..മെല്ലെ നടന്ന് പാർസൽ വാങ്ങി വാതിൽ ചാരി വീണ്ടും കട്ടിലിലേക്ക്. പ്രാതൽ കഴിക്കുന്നതിനു മുമ്പുള്ള മരുന്നുകളും ഇൻസുലിനും തയ്യാറാക്കി വെച്ചു. മേശപ്പുറത്തു വെക്കാവുന്ന മിനി കൂളറിൽ ആണ് ഇൻസുലിൻ സൂക്ഷിപ്പ്. പാർസലിൽ നിന്നും വമിക്കുന്ന മണം അത്ര സുഖകരമല്ല. നിവർത്തിയില്ലല്ലോ. അത് തുറക്കുന്നതിനു മുമ്പു വീണ്ടും കാളിങ്ങ് ബെല്ല് ചിലച്ചു. മെല്ലെ നടന്നുവന്ന് വാതിൽ പകുതി തുറക്കും മുമ്പേ തികച്ചം അവിശ്വസനീയമായ കാഴ്ച കണ്ട് ഞെട്ടി തരിച്ചു നിന്നു. ഊന്നു വടിയിൽ ബലമായി പിടിച്ചില്ലായിരുന്നെങ്കിൽ അയാൾ തലയടിച്ച് പിന്നോട്ടു വിഴുമായിരുന്നേനെ.
പരിചിത സ്വരത്തിൽ " അസുഖം കുറവുണ്ടോ ?". "ങ്ങാ ഇങ്ങനെ കഴിയുന്നു". വാതിൽ മലർക്കെ തള്ളിതുറന്ന് അവർ ഉള്ളിൽ പ്രവേശിച്ചു. ചുടുകണ്ണീർതുള്ളികൾ ഇടതടവില്ലാതെ അവരുടെ മൃദുല കപോലങ്ങളിലൂടെ ഒലിച്ചിറങ്ങി. ആ ചൂടിൽ അവരുടെ കവിൾത്തടങ്ങൾ കൂടുതൽതുടുത്തുവോ? അയാളും വികാരാധീനനായി വലതു കൈ കൊണ്ട് കണ്ണീർതുള്ളികൾ തുടച്ചു മാറ്റാൻ ഒരുവിഫല ശ്രമം നടത്തി. മൂർച്ഛിച്ചതു കൊണ്ടോ തല ചുറ്റിയതു കൊണ്ടോ ആവോ, പെട്ടെന്ന് അവർ അയാളുടെ മാറിലേക്ക് ചാഞ്ഞു. അവാച്യമായ അനുഭൂതി നിറഞ്ഞ അല്പം നിമിഷങ്ങൾ! അയാൾ അവരുടെ മുതുകത്ത് തലോടി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സമചിത്തത വീണ്ടും കൈവരിച്ച് അവർ അയാളെ തൻ്റെ പ്രിയ. ഇരിപ്പിടത്തിലേക്ക് താങ്ങി പിടിച്ചുകൊണ്ടിരുത്തി. അയാൾ ഊന്നുവടി അലക്ഷ്യമായി താഴേക്കിട്ടു. മേശപ്പുറത്തു അടുക്കും ചിട്ടയുമില്ലാതെ സാധനങ്ങൾ പരത്തിയിട്ടതുകണ്ടിട്ടാവാം അവൾ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു. ഉടനെ. അടുക്കളയിലേക്ക് ധൃതിയൽ നടന്നു പോയി സാഹചര്യം വീണ്ടെടുക്കാൻ അയാൾക്ക് അല്പം സമയം തന്ന പോലെ.
രണ്ടു കപ്പ് കട്ടൻ ചായയും പ്ലൈറ്റുകളുമായി അവർ തിരിച്ചെത്തി. അടുക്കും ചിട്ടയും വരുത്തി മേശപ്പുറത്ത് പ്രാതൽ നിരത്തി. ഗുളികകളും ഇൻസുലിനുമെല്ലാം എടുത്തു തന്നു. കുരങ്ങനെ എറിയാൻ പാകത്തിലുള്ള ഇഡ്ഡലി സാമ്പാറും ചട്ട്ണിയും ചേർത്ത് അയാളെ ഊട്ടി. ഇടക്ക് ചുടു ചായയും നീട്ടി കൊടുത്തു. അയാൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു "നീയും കഴിക്ക്". അയാൾ കഴിച്ചിട്ടാകാമെന്ന് അവരും.
പ്രാതൽ കഴിച്ചെന്നു വരൂത്തി, മേശ തുടച്ച് വൃത്തിയാക്കി പാത്രങ്ങ ളെല്ലാമെടുത്ത് അവർ വീണ്ടും അടുക്കളയിലേക്ക്.
അയാൾ വീണ്ടും ചിന്തയിൽ മുഴുകി. വെറും നിസ്സാര കാര്യത്തിന് തമ്മിലടിച്ച് അവർക്ക് അയാളെ വിട്ടുപിരിഞ്ഞ് ഇത്ര കാലം അവരുടെ അമ്മയുടെ കൂടെ എങ്ങിനെ കഴിയാൻ സാധിച്ചു? ഇതിലധികം ശക്തമായി തമ്മിലടിച്ച് ദിവസങ്ങൾ അഥവ നിമിഷങ്ങൾ മാത്രം മിണ്ടാതിരുന്നിട്ടല്ലെ ഉള്ളു.
അയാളുടെ കാടുകയറുന്ന ചിന്തകൾക്ക് വിരാമമിട്ട് ഫോൺ ശബ്ദിച്ചു . "അച്ഛാ സുഖം തന്നെയല്ലെ" . മുഖാമുഖം കണ്ടുകൊണ്ടുള്ള. കുശലാന്വേഷണങ്ങൾ. " ഞാൻ ഏട്ടനേയും ചേർത്ത് നമുക്ക് ഒന്നിച്ച് സംസാരിക്കാം. ഒരു നിമിഷം മകൻ്റെ മുഖവും ഫോണിൽ തെളിഞ്ഞു. "അച്ഛാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ". "ഇന്ന് ശരിക്കും ഒരു മഹാവിശേഷമുണ്ട് മക്കളെ. കണ്ണു ചിമ്മാതെ കണ്ടോളു". ഫോൺ പൊത്തിപ്പിടിച്ച് അയാൾ അവരെ ഉച്ചത്തിൽ വിളിച്ചു .നനഞ്ഞ കൈകൾ സാരി തുമ്പിൽ തുടച്ച് അവർ പ്രത്യക്ഷയായി. ഫോൺ അവരെ ഏൽപ്പിച്ചു. കുട്ടികളുടെ അത്ഭുതവും അവിശ്വസനീയ വികാരനിർഭരവുമായ ശബ്ദ കോലാഹലങ്ങൾ അയാൾക്ക് കേൾക്കാമായിരുന്നു.
അപ്പോഴേയ്ക്കും കൂട്ടകരച്ചിലുകളും കുറ്റം പറച്ചിലുകളും. ഒരു കൊടുംകാററും ശക്തിയായ മഴയും തോർന്ന പോലുള്ള ശാന്തത. "അച്ഛനെ ഇനി ഒറ്റക്കു നിർത്താൻ നിവൃത്തിയില്ല. ഇങ്ങോട്ടു കൊണ്ടു വരാനുള്ള ഒരുക്കങ്ങൾ ചെയ്യുകയായിരുന്നു" . ഇനി രണ്ടുപേരേയും ഒന്നിച്ചു കൊണ്ടുവരാമല്ലോ എന്നനുജത്തി. മക്കളുടെ സ്നേഹവും അതിരില്ലാത്ത ഇഷ്ടവും ധാരാളമനുഭവിച്ച അമ്മ തേങ്ങി തേങ്ങി കരയുകയായിരുന്നു. "തെറ്റുപറ്റി മക്കളെ. ഈ അമ്മയോടു ക്ഷമിച്ചെന്നു പറയൂ. മക്കൾക്ക് അമ്മയോടാണ് കൂടുതൽ അടുപ്പം. ആ അമ്മയിൽ നിന്ന് എങ്ങിനെ ഇത്ര കാലം വേറിട്ടു നിന്നു . സങ്കടം കടിച്ചമർത്താൻ കഴിയാതെ മകൻ " എന്നമ്മേയൊന്നു കാണാൻ എത്ര നാളായ് കാത്തിരുന്നു" എന്ന് ചങ്കുപൊട്ടി പാടി. അമ്മക്ക് ഇത് കേൾക്കാനുള്ള ശക്തിയില്ലായിരുന്നു. സ്ഥലകാല ബോധം മറന്ന് ഉച്ചത്തിൽ വാവിട്ടുകരഞ്ഞു.
അച്ഛനെ ഇനിയൊരിക്കലും വിട്ടുപോകില്ല എന്നൊരുറപ്പ് അവർ അമ്മയിൽ നിന്ന് നേടി. മരുമക്കളും പേരമക്കളും വീട്ടിലെത്തിയാൽ അമ്മമ്മയെയും അമ്മയേയും കാണാൻ എല്ലാവരും കൂടി വീണ്ടും വിളിക്കാം എന്നു പറഞ്ഞ് വീർത്ത മുഖങ്ങളുമായി അവർ ഫോൺ നിർത്തി.
ഇപ്പൂറത്ത് നിർത്താതെ കരച്ചിൽ തുടർന്നു. പെട്ടെന്ന് സമചിത്തത പാലിച്ച് അയാളെ കെട്ടിപിടിച്ച് തേങ്ങി തേങ്ങികരഞ്ഞു. "ഇനി ഞാനൊരിക്കലും അങ്ങയെ വിട്ടു പിരിയില്ല മരിക്കും വരെ" അങ്ങനെ എന്തൊക്കേയോ പിറുപിറുത്തു കൊങ്ങിരുന്നു.
അയാൾ അവളെ എന്നത്തേതിലും ശക്തമായി കെട്ടി പുണർന്നു. "ഇനിയൊരിക്കലും തന്നെ വിട്ടുപോകല്ലെ" എന്ന അഭ്യർത്ഥനയാണോ?
_______________
No comments:
Post a Comment